തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക സാക്ഷിമൊഴി. അപകടസമയത്ത് ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെൽമറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. എന്നാൽ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞില്ല.
അത് ഏത് വാഹനത്തിന്റേതാണെന്ന് കൃത്യമായി അറിയില്ലെന്നും അപകടം നേരിട്ട് കണ്ടിട്ടില്ലെന്നും സാക്ഷി മൊഴി നൽകി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ സജീർ മൊഴി നൽകിയത്.
അപകടം നടന്നതിന് ശേഷമാണ് താൻ സംഭവസ്ഥലത്തെത്തിയതെന്ന് സജീർ കോടതിയെ അറിയിച്ചു. അതിനാൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നോ നേരിട്ട് കണ്ടിട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി.
കേസിൽ ഇതുവരെ 12 സാക്ഷികളെ വിസ്തരിച്ചതിൽ ഒന്നാം സാക്ഷി മാത്രമാണ് കൂറുമാറിയത്. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് കെ.എം. ബഷീർ മരിച്ചത്. കേസിൽ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.